+

അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് പെസഹ വ്യാഴം

ഇന്ന് പെസഹാ വ്യാഴം. യേശുക്രിസ്തുവിന്‍റെ അവസാന അത്താഴത്തിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിക്കുന്നു. ഇതിൻ്റെഭാഗമായി പള്ളികളിൽ പ്രത്യേകപ്രാർഥനയും കാൽകഴുകൽശുശ്രൂഷകളും നടക്കും.         

                                                                                                                                                                                                                        

കടന്നു പോകൽ’ എന്നാണ് പെസഹ എന്ന വാക്കിനർത്ഥം. ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ച ദിനത്തിന്റെ ഓർമ പുതുക്കലാണ് പെസഹ വ്യാഴം. പെസഹാ വ്യാഴത്തിന്റെ ഭാഗമായി കുർബാനക്ക് ശേഷം വൈകിട്ട് വരെ ദേവാലയങ്ങളിൽ ആരാധന ഉണ്ടാകും. രാത്രി വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തും. അന്ത്യ അത്താഴത്തിന്റെ പ്രതീകമാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക.


ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.  അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശു വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. 


ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളികളില്‍ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു. ഞായറാഴ്ചയാണ് ഉയിര്‍ത്തെഴുനേൽപ്പ്.

facebook twitter