+

നാടിന്റെ നോവായി മിഥുൻ; തേങ്ങലോടെ തേവലക്കര; വീട്ടുവളപ്പിൽ സംസ്കാരം

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മിഥുന്റെ അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും സ്കൂളിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ചേരാൻ ആഗ്രഹിച്ചിരുന്ന എൻസിസിയിലെ കേഡറ്റുകൾ അന്ത്യാഞ്ജലി അർപ്പിച്ചത് തേങ്ങലടക്കാനാവാതെയാണ് തേവലക്കര കണ്ടുനിന്നത്.


ജോലിക്കായി വിദേശത്ത് പോയ അമ്മ സുജ ഇന്നെത്തിയതോടെ വീടിന്റെ ഉള്ളകം നിറയെ വിങ്ങിനിന്ന സങ്കടം അടക്കാനാവാതെ നെഞ്ചുപൊട്ടി കണ്ണുനീരായി.പൊതുദർശനത്തിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

രാവിലെ പതിനൊന്ന് മണിയോടെ മിഥുന്‍ അവന്റെ പ്രിയപ്പെട്ട തേവലക്കര ബോയിസ് സ്‌കൂളില്‍ എത്തി. ഇത്തവണ പക്ഷെ അവന്‍ വന്നത് വീട്ടില്‍ നിന്നായിരുന്നില്ല. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ തണുപ്പില്‍ നിന്നായിരുന്നു. സ്‌കൂളിലേക്ക് ആംബുലന്‍സിലുള്ള യാത്രയില്‍ അവനെ ഒരു നോക്ക് കാണാന്‍ നിരവധി പേര്‍ റോഡരികില്‍ കാത്തുനിന്നിരുന്നു. സ്‌കൂളിലെത്തുമ്പോള്‍ അവന്റെ പ്രിയപ്പെട്ട കൂട്ടുകാരും അധ്യാപകരും പിന്നെ നൂറു കണക്കിന് നാട്ടുകാരും അവനായി കാത്തുനില്‍ക്കുകയായിരുന്നു. അവരോടൊന്നും മിണ്ടാതെ ശാന്തനായി ആ സ്‌കൂള്‍ മുറ്റത്തവന്‍ കിടന്നു. ഇനി അവനില്ലെന്ന തിരിച്ചറിവില്‍ സഹപാഠികളും അധ്യപകര്‍ക്കും സങ്കടമടക്കാനായില്ല.പെരുമഴയിലും ആയിരങ്ങള്‍ തേവലക്കര സ്‌കൂളിലേക്ക് എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.തുടര്‍ന്ന് വിളന്തറയിലെ വീട്ടിലേക്ക്. പൊന്നൊമനെയെ കാണാന്‍ അമ്മ തുര്‍ക്കിയില്‍ നിന്ന് എത്തി. അമ്മയോടും അവന്‍ ഒന്നും മിണ്ടിയില്ല. സന്തോഷത്തോടെ തുര്‍ക്കിയിലേക്ക് യാത്രയാക്കിയ പൊന്നുമകന്റെ ചേതനയറ്റ ശരീരം കണ്ട് അമ്മ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കായില്ല.അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്ക് അന്ത്യയാത്ര. കുഞ്ഞുനുജന്‍ ചിതയ്ക്ക് തീ കൊളുത്തി. വ്യാഴാഴ്ച സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സ്‌കുളിലെ ഷെഡ്ഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയ തേവലക്കര ബോയിസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത് .


facebook twitter