+

'സഹപാഠികൾ കയറരുതെന്ന് പറഞ്ഞിട്ടും കുട്ടി ഷീറ്റിന് മുകളില്‍ കയറി',അധ്യാപകരെ നമുക്ക് പറയാൻ പറ്റില്ല; വിവാദ പരാമര്‍ശവുമായി മന്ത്രി ചിഞ്ചുറാണി

കൊല്ലം തേവലക്കര സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി ചിഞ്ചുറാണി. സഹപാഠികൾ പറഞ്ഞിട്ട് പോലും മിഥുൻ ഷീറ്റിന് മുകളില്‍ കയറിയെന്നാണ് മന്ത്രി പറഞ്ഞത്.സംഭവത്തില്‍ അധ്യാപകരെ കുറ്റംപറയാന്‍ പറ്റില്ലെന്നും മന്ത്രി കൊച്ചിയിലെ സിപിഐ വനിത സംഗമത്തില്‍ പറഞ്ഞു. 

മന്ത്രിയുടെ വാക്കുകള്‍: 'ഒരു പയ്യന്റെ ചെരിപ്പാണ്.. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്‍റെ മുകളില്‍ കയറി...  ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി. പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്.  ആ കുഞ്ഞി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ കളിച്ചു കളിച്ചു ഇതിന്റെ മുകളിൽ ഒക്കെ ചെന്ന് കേറുമ്പോൾ ഇത്രയും ആപല്‍കരമായിട്ടുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മള്‌ അന്താളിച്ച് പോകും. രാവിലെ സ്കൂളില്‌ ഒരുങ്ങി പോയ കുഞ്ഞാണ്.. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. പക്ഷേ നമുക്ക് അധ്യാപകരെ നമുക്ക് പറയാൻ പറ്റില്ല. നമ്മുടെ കുഞ്ഞുങ്ങൾ അവിടെ കയറുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയെന്നാണ്'

സ്കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് പതിമൂന്നുകാരന്‍ മരിച്ചത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. വലിയപാടം സ്വദേശി മനുവിന്റെ മകനാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. 


facebook twitter