'ഹൈപ്പര്‍ കാറുകളിലെ'രത്നം', വില 12 കോടി; പുറത്തിറക്കുന്നത് ആകെ 500 എണ്ണം; ആരും മോഹിക്കുന്ന മക‍‍്‍‍ലാരന്‍ സെന്ന സ്വന്തമാക്കി അജിത്

10:19 PM Jun 06, 2025 | വെബ് ടീം

ദക്ഷിണേന്ത്യയിലെ വാഹനപ്രേമികളായ നടന്മാരിൽ ആദ്യ സ്ഥാനത്തുണ്ട് നടൻ അജിത്തിന്റെ പേര്.അജിത്തിന് സിനിമാഭിനയത്തോളം പ്രധാനപ്പെട്ടതാണ് കാറും കാറോട്ട മത്സരങ്ങളും. കാർ റേസിങ്ങിനു പോയി എത്ര റിസ്ക് എടുക്കാനും അജിത്തിന് ഒരു മടിയുമില്ല. അത്രയ്ക്കുണ്ട് ആ പാഷൻ.പുതിയ കാറുകളോടുള്ള അജിത്തിന്റെ അഭിനിവേശത്തിന് അതിരില്ല.ഫെരാരി എസ്എഫ്90, പോർഷെ 911 ജിടി3 ആർഎസ്, മക്ലാരൻ 750എസ് തുടങ്ങിയ മോഡലുകളും അജിത് കുമാറിനുണ്ട്.

വാഹനപ്രേമികളുടെ സ്വപ്‍നമായ ഹൈപ്പര്‍ കാറുകളില്‍ രത്‌നമെന്ന് വിളിപ്പേരുള്ള മക‍‍്‍‍ലാരന്‍ സെന്ന സ്വന്തമാക്കിയിരിക്കുകയാണ് അജിത് ഇപ്പോൾ.

മക‍‍്‍‍ലാരന്‍ എക്കാലത്തെയും ലെജന്‍ഡറി റേസര്‍ ആയ അയര്‍ട്ടണ്‍ സെന്നയ്ക്ക് ട്രിബ്യൂട്ട് ആയി മക‍‍്‍‍ലാറന്‍ പുറത്തിറക്കിയ കാര്‍ ആണിത്. മോട്ടോര്‍സ്‌പോര്‍ട്ട് ചരിത്രത്തിലെ ഇതിഹാസ താരമായി അറിയപ്പെടുന്ന സെന്ന മൂന്ന് തവണ ഫോര്‍മുല വണ്‍ ലോക ചാംപ്യനാണ്. റേസിങ്ങിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്. വൻവിലയേക്കാളും മറ്റെന്ത് ഫീച്ചറിനേക്കാളും പ്രാധാന്യമുണ്ട് അപ്പോൾ ഈ മോഡൽ കാറിന്.

അജിത്ത് സ്വന്തമാക്കിയ സെന്നയ്ക്ക് അന്ന് അയര്‍ട്ടണ്‍ സെന്ന ഉപയോഗിച്ചിരുന്ന മള്‍ബറോ ലിവെറി മക‍‍്‍‍ലാറന്‍ എഫ് വണ്‍ കാറുകളുടെ നിറത്തിനോട് സാമ്യമുണ്ടെന്ന പ്രത്യേകതയുമുണ്ട്. 12 കോടിയോളമാണ് സെന്നയുടെ വില. 500 എണ്ണം മാത്രമാണ് മക‍‍്‍‍ലാറന്‍ പുറത്തിറക്കുന്നത്. 7250 ആര്‍പിഎമ്മില്‍ 789 ബി എച്ച് പി ഊര്‍ജ ഉത്പാദനവും 5500 ആര്‍പിഎം മുതല്‍ 6700 ആര്‍പിഎം വരെയുള്ള 800 എന്‍എം ടോര്‍ക്കുമാണ് കാറിനുള്ളത്.4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തിന്റെ ശക്തി. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കാറിന്റെ പ്രത്യേകതയാണ്.