+

ലഷ്‌കർ-ഇ-തൊയ്ബ ടോപ് കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന് മുഖ്യപങ്കെന്ന് NIA; കുപ്‌വാരയിലെ വീട് തകർത്ത് സുരക്ഷാസേന

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍ ഭീകരവാദികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫാറൂഖ് അഹമ്മദിന്റെ കുപ്‌വാരയിലെ വീട് കഴിഞ്ഞ ദിവസം സുരക്ഷാസേന തകര്‍ത്തിരുന്നു.പാക് അധിനിവേശ കശ്മീരിലാണ് നിലവില്‍ ഫാറൂഖ് അഹമ്മദ് ഉള്ളതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ടുകൊല്ലമായി കശ്മീരില്‍ നടന്നുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഫാറൂഖ് അഹമ്മദിന്റെ സ്ലീപര്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് സുരക്ഷാസേന കണ്ടെത്തിയിരുന്നു.

പഹല്‍ഗാമില്‍ നടന്ന ആക്രമണവും ഇവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് എന്‍ഐഎയുടെ നിഗമനം.പാകിസ്ഥാനില്‍നിന്ന് കശ്മീരിലെ മൂന്ന് സെക്ടറുകളിലേക്ക് ഭീകരപ്രവര്‍ത്തകരുടെ നുഴഞ്ഞുകയറ്റത്തിനുള്ള സംവിധാനങ്ങളൊരുക്കുന്നത് ഫാറൂഖ് അഹമ്മദാണ്. കശ്മീരിലെ പര്‍വതപ്രദേശങ്ങളിലെ എല്ലാ സഞ്ചാരപാതകളെക്കുറിച്ചും ഫാറൂഖിന് നല്ല അറിവുണ്ട്. 1990-നും 2016-നും ഇടയില്‍ പലതവണ ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും യാത്ര ചെയ്തതായി അന്വേഷണ ഏജന്‍സി പറയുന്നു. പഹല്‍ഗാം ആക്രണത്തിനുശേഷം ഫാറൂഖിന്റെ പല കൂട്ടാളികളേയും സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.


facebook twitter