യമനിൽ നിന്ന് നല്ല വാർത്ത കേട്ടതിൽ സന്തോഷമെന്ന് നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ്. നിമിഷപ്രിയയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ലോകമെങ്ങുമുള്ള മലയാളികളും നൽകുന്നത് വലിയ പിന്തുണയെന്ന് ടോമി പറഞ്ഞു."നമ്മൾ ചെയ്യുന്ന എന്തെങ്കിലും നല്ല പ്രവൃത്തിക്കുള്ള ഫലം ദൈവം തരുമെന്ന് വിശ്വസിക്കുന്നു, കുറേയായി ആഗ്രഹിക്കുന്ന മനസ്സമാധാനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്,എല്ലാവരുടേയും പ്രതീക്ഷയ്ക്കും കഠിനാധ്വാനത്തിനും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുപോലെ ഒരുപാട് കഷ്ടപ്പെടുന്ന കുറേ പേരുണ്ട്. അവർക്കെല്ലാം സന്തോഷം നൽകുന്ന നല്ലൊരു വാർത്തയാണിത്'. എല്ലാം ഭംഗിയായി നടന്ന് നിമിഷ പ്രിയ നാട്ടിലെത്തുമെന്ന് തനിക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെന്നും ടോമി മാധ്യമങ്ങളോട് പ്രതികരിച്ചു.
യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ച വാർത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ആശ്വാസ വാർത്ത. സൂഫി പണ്ഡിതരുമായി നടത്തിയ ചർച്ചകൾ വിജയമാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മോചനത്തിനായുള്ള അവസാനവട്ട ചർച്ചകൾ അനുകൂലമായെന്നാണ് പ്രാഥമിക വിവരം. എന്നാൽ ദിയാധനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിമിഷ പ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലാണ് ഇന്ന് ചർച്ചകൾ നടന്നത്. രാവിലെ യമൻ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം ആരംഭിച്ചിരുന്നു. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ, യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.