യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്താനുള്ള അവകാശം കുടുംബത്തിന് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏതെങ്കിലും ഒരു സംഘടന ചര്‍ച്ച നടത്തിയതുകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. ചര്‍ച്ചകള്‍ക്കായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് കോടതി അനുമതി നല്കി. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വെപ്പിച്ചതില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പങ്ക് സീനിയര്‍ അഭിഭാഷകന് മൂന്ന് തവണ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അറ്റോര്‍ണി ജനറല്‍ അതേ കുറിച്ച് പരാമര്‍ശിച്ചില്ല. യമനിലേക്കയയ്ക്കുന്ന മധ്യസ്ഥ സംഘത്തില്‍ ആക്ഷന്‍ കൗണ്‍സിലിന്റെയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെയും പ്രതിനിധികളും രണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും വേണമെന്നായിരുന്നു കൗണ്‍സിലിന്റെ ആവശ്യം. എന്നാല്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ നിമിഷയുടെ അമ്മ യമനിലുണ്ടല്ലോ എന്നും അമ്മയ്ക്ക് ചര്‍ച്ച നടത്താന്‍ പ്രാപ്തിയില്ലെങ്കില്‍ സഹായിക്കാന്‍ ഒരു പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.