നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകനായ ഡോ. റാമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്കൊപ്പം രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ക്ക് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സംഗീത നമ്പ്യാര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. റാമിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ നിതിന്‍ രാജിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ പൊലീസ് സൗകര്യമൊരുക്കുന്നുവെന്നും കുടുംബം ആരോപിച്ചു. ഇരുവരും തുല്യ കുറ്റക്കാരാണെന്നും അതിനാല്‍ സംഗീത നമ്പ്യാര്‍ക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. കേസിന്റെ തുടക്കം മുതല്‍ തന്നെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും ജാതീയമായ അധിക്ഷേപങ്ങളാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരോപിക്കുന്നു.