ന്യൂഡൽഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേൾക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതി നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്.കേസിൽ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരയുടെ വാദം കേൾക്കാതെയാണ് പ്രതി വിചാരണ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയത് എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി മൂൻകൂർ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരായ പ്രതിയുടെ അപ്പീൽ തള്ളിയാണ് ജസ്റ്റിസ്മാരായ കെ വിനോദ് ചന്ദ്രൻ, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.പ്രതിക്കു വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സികെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവർ ഹാജരായി. അതിജീവിതയ്ക്കായി വേണ്ടി സീനിയർ അഭിഭാഷക അനിത ഷേണായ് ഹാജരായി.