ചെന്നൈ: തമിഴ്നാട് എൻഡിഎയിൽ പൊട്ടിത്തെറി. മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം നയിക്കുന്ന ‘എഐഎഡിഎംകെ കേഡർ റൈറ്റ്സ് റിട്രീവൽ കമ്മിറ്റി’ എൻഡിഎ വിട്ടു. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) ഇനി തുടരില്ലെന്നാണു പ്രഖ്യാപനം. പനീർസെൽവവും മറ്റ് പാനൽ അംഗങ്ങളും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണു മുന്നണി വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.
പൊതുജന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനീർസെൽവം ഉടൻ തന്നെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. രാഷ്ട്രീയ സാഹചര്യം മാറുന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ രാഷ്ട്രീയ സഖ്യങ്ങൾ പാർട്ടി തീരുമാനിക്കുകയെന്നാണു നേതാക്കൾ പറഞ്ഞത്. നേരത്തെ ഇപിഎസ് നയിക്കുന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം എൻഡിഎയിൽ എത്തിയതോടെ ഒപിഎസ് മുന്നണി വിട്ടേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
ഡിഎംകെ നയിക്കുന്ന തമിഴ്നാട്ടിലെ ഇന്ത്യാ സഖ്യത്തിലേക്കോ വിജയ് രൂപീകരിക്കാനിരിക്കുന്ന സഖ്യത്തിലേക്കോ ഒപിഎസ് എത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 2024 പൊതുതിരഞ്ഞെടുപ്പിൽ രാമനാഥപുരം മണ്ഡലത്തിലെ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു ഒപിഎസ്.