+

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം; കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്

ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വിജിലൻസ്. നിർമ്മാണത്തിനായി ഭക്തർ നൽകിയ സ്വർണ്ണത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും ലഭിച്ച മുഴുവൻ സ്വർണ്ണവും കൊടിമരത്തിൽ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

2017-ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തായിരുന്നു ശബരിമലയിലെ കൊടിമരം പുനർനിർമ്മിച്ചത്. നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം വിനിയോഗിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെത്തുടർന്നാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.


അന്വേഷണത്തിന്റെ ഭാഗമായി നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി സ്വർണ്ണം സംഭാവന നൽകിയ 27 പേരിൽ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ആകെ 412 ഗ്രാം സ്വർണ്ണമാണ് സംഭാവനയായി ലഭിച്ചത്. ഇതിന്റെ ഓരോ ഗ്രാമിനും കൃത്യമായ രേഖകളും രസീതുകളും ഉണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ സ്വർണ്ണം പൂർണ്ണമായും വിനിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്ന് അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ.എസ്.പി കുറുപ്പിന്റെ പക്കൽ നിന്നും ഇതിനാവശ്യമായ രേഖകൾ വിജിലൻസ് ശേഖരിച്ചിരുന്നു.


അതേസമയം, ശബരിമല സന്നിധാനത്തുണ്ടായ സ്വർണ്ണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടേക്കും. നിലവിൽ കവർച്ചാ കേസിലെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും ഇന്ന് ഹൈക്കോടതി പരിഗണിക്കും.

More News :
facebook twitter