+

ടി20 ലോകകപ്പ് ഹീറോയ്ക്ക് ജന്മനാടിന്റെ ആദരം; സഞ്ജു സാംസണിനെ മാർച്ച് 16-ന് കെ.സി.എ ആദരിക്കും

തിരുവനന്തപുരം: ടി20 ലോകകപ്പ് കൈവിടാതെ നിലനിർത്തിയതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.

മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെ.സി.എ ഭാരവാഹികൾ ആദരിക്കുന്നത്.കെ.സി.എ പ്രസിഡൻ്റ് ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.


facebook twitter