+

ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വിട്ടു

സ്വകാര്യ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കുന്നമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ ഇന്ന് വൈകിട്ട് അഞ്ചുമണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

പയ്യന്നൂരിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വെച്ച് ദീപക്ക് മോശമായി സ്പർശിച്ചു എന്ന് ആരോപിച്ച് ഷിംജിത മുസ്തഫ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ഇതിനെത്തുടർന്നുണ്ടായ അപകീർത്തിയിൽ മനംനൊന്ത് ദീപക്ക് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ പ്രതിയായ ഷിംജിത മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.


പ്രതിയെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടതെങ്കിലും, അഞ്ചുമണി വരെ മാത്രം സമയം അനുവദിച്ച സാഹചര്യത്തിൽ, പ്രതിയുമായി പയ്യന്നൂരിലെത്തി തെളിവെടുപ്പ് നടത്തുക എന്നത് പ്രായോഗികമല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. അതിനാൽ, കസ്റ്റഡി കാലാവധിയിൽ ഷിംജിതയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ ഗൂഢാലോചന സംബന്ധിച്ച വിശദമായ അന്വേഷണം തുടരും.

facebook twitter