ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഓപ്പറേഷന് കെല്ലര്‍ എന്ന് പേരിട്ട ദൗത്യം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഷോപ്പിയനിലെ ഷൂക്കല്‍ കെല്ലര്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന് ലഭിച്ച പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ ആരംഭിച്ചത്.
ദൗത്യത്തിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ കനത്ത വെടിവെയപ്പ് നടത്തി. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരിച്ചടിയിലാണ് മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നുപേരും ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണെന്നും രണ്ട് പേരെ തിരിച്ചറിഞ്ഞെന്നും സൈന്യം വ്യക്തമാക്കി. മറ്റ് ഭീകരാക്രമണങ്ങളില്‍ പൊലീസും സൈന്യവും തിരയുന്ന ഷാഹിദ് കുറ്റായ്, അദ്നാന് ഷാഫി ദാ എന്നിവരാണ് കൊല്ലപ്പെട്ട രണ്ട് പേര്.