ഗായിക ഗൗരി ലക്ഷ്മിയുടെ രണ്ടാം വിവാഹവും ചടങ്ങിൽ സജീവ സാന്നിധ്യമായും അതിന് പിന്നാലെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പുമാണ് സൈബറിടത്ത് വൈറൽ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്വൽ ആർട്ടിസ്റ്റായ കലേഷും ഗൗരിയുമായുള്ള വിവാഹം. പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും എങ്ങനെ വേർപിരിയാമെന്നും, പഴയ പങ്കാളിയുടെ പുതിയ ജീവിതത്തെ എങ്ങനെ നെഞ്ചോട് ചേർക്കാമെന്നും കാണിച്ചുതരുന്നതാണ് ഈ അപൂർവ്വ നിമിഷം.വേർപിരിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം തെളിയിക്കുന്നതായിരുന്നു വിവാഹവേദിയിലെ കാഴ്ചകൾ.
ഗൗരിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിവാഹത്തിൽ സജീവ സാന്നിധ്യമായി ഗണേഷും ഉണ്ടായിരുന്നു. നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഗണേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്: "കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തിൽ പെട്ടവരാകണം എന്നില്ല. ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കൂ..."ഗണേഷിന്റെ ഈ പോസ്റ്റിന് താഴെ നവദമ്പതികളായ ഗൗരിയും കലേഷും സ്നേഹത്തോടെ മറുപടിയും നൽകിയിട്ടുണ്ട്. 2018-ലായിരുന്നു ഗൗരിയുടെയും ചെന്നൈ സ്വദേശിയായ ഗണേഷിന്റെയും ആദ്യ വിവാഹം. ഗൗരിയുടെ പാട്ടുകളുടെ വലിയൊരു ആരാധകനായിരുന്ന ഗണേഷ് പിന്നീട് ഗൗരിയുടെ മ്യൂസിക് ബാൻഡിലെ ഡ്രമ്മറായി മാറി.2019-ൽ ചേർത്തലയിൽ ഇരുവരും ചേർന്ന് ‘ഇസൈക്കൂട്’ എന്ന മനോഹരമായ ഒരു വീടും നിർമ്മിച്ചു. എന്നാൽ പിന്നീട് പരസ്പര സമ്മതത്തോടെ ഇവർ വിവാഹജീവിതം അവസാനിപ്പിക്കുകയായിരുന്നു.
വേർ പിരിഞ്ഞെങ്കിലും ഗൗരിയുടെ സംഗീത ആൽബങ്ങൾക്ക് പിന്നിൽ ഇപ്പോഴും ഡ്രമ്മറായി ഗണേഷ് ഒപ്പമുണ്ട്. ആലപ്പുഴ ചേർത്തല സ്വദേശിനിയായ ഗൗരി ലക്ഷ്മി തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദവും കേരള സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോഹൻലാൽ ചിത്രം കാസനോവയിലെ 'സഖിയേ' എന്ന ഗാനം ഒരുക്കിക്കൊണ്ട് 13-ാം വയസിലായിരുന്നു മുഖ്യധാരയിലേക്ക് ഗൗരി ലക്ഷ്മി കടന്നുവന്നത്. ഗാനം രചിച്ചതും ഈണം നൽകിയതും ആലപിച്ചതും ഗൗരിയാണ്.പിന്നീടിങ്ങോട്ട് ഗോദയിലെ 'ആരോ നെഞ്ചിൽ' ഉൾപ്പെടെ ഒട്ടേറെ സിനിമാഗാനങ്ങൾ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്ത ഗൗരി ലക്ഷ്മി, സ്വതന്ത്ര ആൽബങ്ങളും പുറത്തിറക്കി. ഏതാനും തമിഴ് ഗാനങ്ങളും ഗൗരി ലക്ഷ്മി ആലപിച്ചിട്ടുണ്ട്.