തൃശൂർ പൊയ്യ കൃഷ്ണൻകോട്ടയിൽ പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിക്കാനിടയായ സാഹചര്യത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ർക്കെതിരെ അന്വേഷണറിപ്പോർട്ട്. കുട്ടിക്ക് ആന്റി സ്നേക് വേനോം നൽകാതെ സമയം നഷ്ടപ്പെടുത്തിയെന്നാണ് ഡിപ്പാർട്ട്മെന്റ് തല കണ്ടെത്തൽ. ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്.
2021 മെയ് 24നാണ് കൃഷ്ണൻകോട്ട പാറക്കൽ ബിനോയുടെ മകൾ അൻവറിൻ ബിനോയ് എന്ന മൂന്നുവയസുകാരിയെ കളിച്ചുകൊണ്ടിരുന്നപ്പോൾ പാമ്പ് കടിക്കുന്നത്. ഉടൻതന്നെ ബിനോയിയുടെ മാതാപിതാക്കൾ ടു വീലറിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര സ്വഭാവമുള്ള കേസ് പരിഗണിക്കാതെ ഡോക്ടർ ഈ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു എന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി. വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണിൽ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടർ കുട്ടിയെ പരിഗണിച്ചില്ല. മാത്രമല്ല പാസെടുക്കാൻ ക്യൂ നിർത്തി. നീണ്ട നേരം കഴിഞ്ഞു പാസ് എടുത്ത് വന്നപ്പോൾ ആന്റി സ്നേക് വേനോം നൽകാതെ മറ്റൊരു ഇൻജെക്ഷൻ ആണ് നൽകിയത്. ഇതോടെ കുഞ്ഞിന്റെ ഓക്സിജൻ ലെവൽ താഴ്ന്നു.
ആന്റി സ്നേക് വേനോം ഹോസ്പിറ്റലിൽ സ്റ്റോക്ക് ഉണ്ടായിരിക്കെ കുട്ടിക്ക് കുട്ടിക്ക് കൃത്യസമയത്ത് അത് നൽകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. കൂടാതെ പാസെടുക്കാൻ വിട്ട് സമയം കളഞ്ഞു. കുട്ടിയുടെ ഓക്സിജൻ ലെവൽ താഴ്ന്നപ്പോൾ ഓക്സിജൻ മാസ്ക് വെച്ച് പ്രൈവറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകി. ഓക്സിജൻ മാസ്ക് ആയി ആംബുലൻസിൽ പോകുമ്പോൾ നൽകേണ്ട എസ്കോർട്ടിങ് നഴ്സിനെ നൽകിയില്ല. അങ്ങനെ നിരുത്തരവാദപരമായ കാര്യങ്ങളാണ് ഡ്യൂട്ടി ഡോക്ടറിൽ നിന്നുണ്ടായതെന്നും വകുപ്പ് തല അന്വേഷണ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരിയായ ഡോക്ടർ ശ്രീരേഖക്കെതിരെ നടപടിയെടുക്കാനും കമ്മിറ്റി ശിപാർശ നൽകിയിട്ടുണ്ട്.