+

ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരക്കുകപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കാൻ ധാരണ. കടലിടുക്കിലൂടെ പുതിയ കപ്പൽ പാത തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ അറിയിച്ചു. പുതിയ താൽക്കാലിക പാത ഇറാനും ഒമാനും ചേർന്നായിരിക്കും കൈകാര്യം ചെയ്യുക.

ഒമാനുമായി നിലവിൽ പുരോഗമിക്കുന്ന ചർച്ചകൾ ഉടൻ തന്നെ ഒരു കരാറിലെത്തുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഒരു 'മിഡിൽ കോറിഡോർ' നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നത്. ഹോർമുസ് കടലിടുക്കിലെ യാത്രാതടസ്സം കാരണം ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ ചരക്കുകപ്പലുകൾ പ്രതിസന്ധിയിലായിരുന്നു. പുതിയ തീരുമാനത്തോടെ ഈ കപ്പലുകൾക്ക് ഭാഗികമായി തുറക്കുന്ന പാതയിലൂടെ യാത്ര തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതേസമയം, ഇറാൻ്റെ ഈ പുതിയ നീക്കത്തിനെതിരെ അമേരിക്ക ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാന് മേൽക്കൈയോ അധികാരമോ നൽകുന്ന യാതൊരു കരാറും അംഗീകരിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പുതിയ നീക്കത്തിലുള്ള അമേരിക്കയുടെ വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. പുതിയ കപ്പൽപ്പാതയുടെ കാര്യത്തിൽ അമേരിക്കയുടെ ഈ കടുത്ത നിലപാട് വരും ദിവസങ്ങളിൽ നിർണായകമാകും.

facebook twitter