തായ്‌ലന്‍ഡ്-കംബോഡിയ സംഘര്‍ഷം; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ

10:09 AM Jul 26, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

തായ്‌ലന്‍ഡുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ. തന്റെ രാജ്യം നിരുപാധികമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായും നോംപെന്‍ തര്‍ക്കത്തിന് സമാധാനപരമായ പരിഹാരം ആഗ്രഹിക്കുന്നുണ്ടെന്നും കംബോഡിയയുടെ പ്രതിനിധി ഐക്യരാഷ്ട്ര സഭയില്‍ അറിയിച്ചു. കംബോഡിയ - തായ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ആവശ്യമറിയിച്ചത്. സംഘര്‍ഷം പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് യുഎസും ചൈനയും മലേഷ്യയും അറിയിച്ചിട്ടുണ്ട്. അതേ സമയം കംബോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ തായ്‌ലന്‍ഡ് പട്ടാള നിയമം പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനിടെ ഒരു ലക്ഷത്തോളം പേരെയാണ് തായ്‌ലന്‍ഡ്, വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഒഴിപ്പിച്ചത്. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തുമായി ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.