ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി പുറത്തിറക്കി; വില്പന തുടങ്ങുന്ന തീയതിയും വിലയും അറിയാം

02:37 PM Jul 16, 2026 | വെബ് ടീം

തിരുവനന്തപുരം: സമ്മാനത്തുകയിൽ വർദ്ധനവോടെ ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണ് ഇത്. കഴിഞ്ഞ വർഷം വരെ 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനമായി നല്‍കിയിരുന്നത്.

തിങ്കളാഴ്ച മുതല്‍ തിരുവോണം ബംപറിന്‍റെ വില്‍പ്പന തുടങ്ങും. സെപ്റ്റംബർ 26ന് ആണ് നറുക്കെടുപ്പ് നടക്കുക. രണ്ടാംസമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം ഇരുപത് പേർക്കും ലഭിക്കും. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റ് വില.