സസ്പെൻഷനിലായിരുന്ന ശേഷം സർവീസിൽ തിരിച്ചെത്തിയ ചില പൊലീസുകാർക്ക് കൊട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും സ്പാകളിലെ സ്ഥിരം സന്ദർശകരാണെന്നും സഞ്ജയ് ആരോപിച്ചു. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ 'മരണ സുബിൻ' എന്നറിയപ്പെടുന്ന കാപ്പാ കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദിനോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡോക്ടർ സഞ്ജയ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഉടൻ പരാതി നൽകും. പ്രാദേശിക ഭരണപക്ഷത്തിന്റെ തണലിലാണ് ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.