+

ഇറാൻ ആക്രമണവും പ്രത്യാക്രമണവും; സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് രണ്ടുതവണ വില കൂടി

കൊച്ചി: ഇസ്രായേലിന്റെ ഇറാൻ ആക്രമണവും തൊട്ടുപിന്നാലെ ഇറാന്റെ  പ്രത്യാക്രമണവും പശ്ചിമേഷ്യയെ യുദ്ധമുനമ്പിലേക്ക് എത്തിച്ചിരിക്കെ    സ്വർണവിപണി കുതിച്ചുയരുന്നു. ആക്രമണവാർത്ത പുറത്തുവന്നതിന് പിന്നാലെ, ഇന്ന് ഉച്ചക്ക് ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയും കൂടി. ഇതോടെ ഗ്രാമിന് 15,465 രൂപയും പവന് 1,23,720 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതോടെ (28.02.2026) സ്വർണത്തിന് രേഖപ്പെടുത്തിയത്.

രാവിലെ പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയും കൂടിയിരുന്നു. ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായിരുന്നു വില. ഇന്ന് ഒറ്റ ദിവസംകൊണ്ട് 5,240 രൂപയാണ് കൂടിയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.ആഗോള വിപണിയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്​പോട്ട് ഗോൾഡ് വില 1.94 ശതമാനം കൂടി ഔൺസിന് 5,278.1 ഡോളറായി. 100.58 ഡോളറാണ് വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.41 ശതമാനം ഉയർന്ന് 5,267.20 ഡോളറിലേക്ക് എത്തി.​ 73 ഡോളറാണ് വർധന.

facebook twitter