ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. ഉദയകുമാറിന്റെ കുടുംബം നാളെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീംകോടതി അഭിഭാഷകന് കുടുംബം ഇന്ന് വക്കാലത്ത് നല്‍കും. അതേസമയം കേസിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതുവരെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് ഡെപ്യൂട്ടി മേയര്‍ പികെ രാജു വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടത്. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടത്. കേസിലെ ഒന്നാംപ്രതിയുടെ വധശിക്ഷയും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്.