+

UDF തികഞ്ഞ വിജയ പ്രതീക്ഷയില്‍ എന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതോടെ വൻ വിജയപ്രതീക്ഷയുമായി മുന്നണികൾ. യുഡിഎഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തുടക്കം മുതൽ മികച്ച പ്രവർത്തനമാണ് യുഡിഎഫ് കാഴ്ചവെച്ചത്. 2005-ന് ശേഷം മുന്നണിയിൽ നിന്ന് അകന്നുപോയ എല്ലാ വിഭാഗങ്ങളെയും തിരികെയെത്തിക്കാൻ ഇത്തവണ കഴിഞ്ഞുവെന്നും അതാണ് ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, വയനാട് എന്നീ അഞ്ച് ജില്ലകളിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും സതീശൻ അവകാശപ്പെട്ടു. ചിട്ടയായ പ്രവർത്തനത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം. 80-ലധികം സീറ്റുകൾ നേടി ഇടത് മുന്നണി അധികാരം നിലനിർത്തുമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. അനുകൂല തരംഗമുണ്ടെങ്കിൽ സീറ്റുകളുടെ എണ്ണം 100 കടക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പിലെ ജയസാധ്യതകൾ വിലയിരുത്താനായി മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ജില്ലാ കമ്മറ്റികളിൽ നിന്നുള്ള റിപ്പോർട്ടുകൾ യോഗം വിശദമായി ചർച്ച ചെയ്യും.


സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇരുമുന്നണികളുടെയും പ്രധാന വാദം. വോട്ടെണ്ണലിനായി മേയ് നാല് വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും തങ്ങളുടെ കണക്കുകൂട്ടലുകളിൽ മുന്നണികൾക്ക് വലിയ ആത്മവിശ്വാസമാണുള്ളത്.

facebook twitter