+

34-ാം വയസ്സിൽ കോടീശ്വരന്മാർ! ആരാണീ ഇന്ത്യയിലെ യുവ കോടീശ്വരന്മാർ?

ഹൂറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള രണ്ട് യുവ സംരംഭകർ ലോകശ്രദ്ധ നേടുന്നു. ഷശാങ്ക് കുമാറും, ഹർഷിൽ മാഥൂരുമാണ് ഈ നേട്ടം കൈവരിച്ചത്. 


ഇരുവരുടെയും പ്രായം 34 വയസ്സാണ്. ഈ ചെറുപ്രായത്തിൽ തന്നെ ഇവർ എങ്ങനെ കോടീശ്വരന്മാരായി എന്ന് അറിയണ്ടേ?


ഷശാങ്ക് കുമാറും ഹർഷിൽ മാഥൂരും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. ഹൂറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 പ്രകാരം ഇരുവരുടെയും ആസ്തി 8643 കോടി രൂപയാണ്. ഇവർ ഫിൻ‌ടെക് കമ്പനിയായ റേസർപേയുടെ സഹസ്ഥാപകരാണ്.


ഈ കൂട്ടുകാരുടെ കഥ ആരംഭിക്കുന്നത് ഐഐടി റൂർക്കിയിൽ നിന്നാണ്. അവിടെ വെച്ചാണ് ഇരുവരും എഞ്ചിനീയറിംഗ് ബിരുദം നേടുന്നത്. ഷശാങ്ക് ആദ്യം മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറായും, മാഥൂർ ഷ്ലംബെർജറിൽ വയർലൈൻ ഫീൽഡ് എഞ്ചിനീയറായും ജോലി ചെയ്തു.


ഇന്ത്യയിലെ ഓൺലൈൻ പണമിടപാടുകളിലെ ബുദ്ധിമുട്ടുകൾ ഹർഷിൽ മാഥൂറിനെ അസ്വസ്ഥനാക്കി. ഇവ ലളിതമാക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ ചിന്തയിൽ നിന്നാണ് ഷശാങ്കും ഹർഷിൽ മാഥൂറും ചേർന്ന് 2014 ൽ റേസർപേ എന്ന ഫിൻ‌ടെക് കമ്പനിക്ക് തുടക്കമിടുന്നത്.


വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ റേസർപേ ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 2021 അവസാനത്തോടെ സീരീസ് എഫ് ഫണ്ടിംഗ് റൗണ്ടിൽ 375 മില്യൺ ഡോളർ കമ്പനി സമാഹരിച്ചു.

 

ഇതോടെ കമ്പനിയുടെ മൂല്യം 7.5 ബില്യൺ ഡോളറായി ഉയർന്നു. സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് ജിഐസി, സെക്വോയ കാപിറ്റൽ, റിബ്ബിറ്റ് കാപിറ്റൽ, ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, മാട്രിക്സ് പാർട്‌ണേഴ്‌സ് ഇന്ത്യ, വൈ കോമ്പിനേറ്റർ തുടങ്ങിയ വലിയ നിക്ഷേപകരുടെ പിന്തുണ റേസർപേയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകി.


ഇന്ന്, റേസർപേ പേടിഎമ്മിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിൻ‌ടെക് സ്റ്റാർട്ടപ്പാണ്. എന്നാൽ റേസർപേയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. പല ബാങ്കുകളും തുടക്കത്തിൽ റേസർപേയെ ഒരു പേയ്‌മെന്റ് സൊല്യൂഷനായി അംഗീകരിക്കാൻ തയ്യാറായില്ല. എങ്കിലും ഷശാങ്കും ഹർഷിൽ മാഥൂറും തളർന്നില്ല. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ഈ യുവ സംരംഭകർ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

facebook twitter