+

ഇന്ന് ലോക പൊണ്ണത്തടി ദിനം

ഇന്ന് ലോക പൊണ്ണത്തടി ദിനം. ജനങ്ങളിലെ അമിതവണ്ണ പ്രതിസന്ധി മറികടക്കാനും ആരോഗ്യകരമായ ഭാരം കൈവരിക്കാനുമുള്ള പ്രായോഗികമാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ലോക പൊണ്ണത്തടി ദിനാചരണം. 

അമിതവണ്ണമുള്ള ആളുകള്‍ ഇന്നും പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പാത്രമാകാറുണ്ട്. ഉറ്റവരില്‍ നിന്ന് പോലും ഉണ്ടാകാറുള്ള പരോക്ഷപരാമര്‍ശങ്ങള്‍ ഇത്തരം ആളുകളെ ആത്മഹത്യയുടെ വക്കിലെത്തിച്ച സംഭവങ്ങളും കുറവല്ല. 

എന്നാല്‍ ഇവരുടെ അമികവണ്ണത്തിന് പിന്നിലെ കാരണങ്ങള്‍ ഭൂരിഭാഗം പേരും തിരക്കാറില്ല. പലപ്പോഴും ഭക്ഷണക്രമം, ജീവിതശൈലി, ജനിതക, മാനസിക, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളുടെ സങ്കീര്‍ണ്ണ മിശ്രിതമാണ് പലരുടെയും അമിതവണ്ണത്തിന് പിന്നിലെ മൂലകാരണം. 

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 1975ന് ശേഷം പൊണ്ണത്തടി നിരക്കിലെ വര്‍ദ്ധനവ് മൂന്നിരട്ടിയാണ്. കൗമാരക്കാരിലേക്കും കുട്ടികളിലേക്കുമെത്തുമ്പോള്‍ നിരക്ക് അഞ്ചിരട്ടിവരെയും. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്തസമര്‍ദ്ദം, പക്ഷാഘാതം, ക്യാന്‍സര്‍ പോലുള്ള വിവിധ സാംക്രമികേതര രോഗങ്ങളിലേക്ക് പലപ്പോഴും നയിക്കാറ് പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്. ഈ ആഗോളപ്രതിസന്ധിയെ മറികടക്കേണ്ടത് അല്ലെങ്കില്‍ മറികടക്കാന്‍ ഒത്തുചേരേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. 

കൊഴുപ്പേറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുക, പഞ്ചസാരയുടെ ഉപഭോഗം കുറക്കുക, ശീതളപാനീയങ്ങള്‍ വര്‍ജിക്കുക, നടത്തം, കായികാഭ്യാസം പോലെയുള്ള ആരോഗ്യകരമായ ശീലങ്ങള്‍ പതിവാക്കുക എന്നിവയെല്ലാമാണ് പൊണ്ണത്തടി കുറക്കാനും പൊണ്ണത്തടി വരുന്നത് തടയാനുമുള്ള ചില മാര്‍ഗങ്ങള്‍. എല്ലാറ്റിനുമുപരി നേരിടുന്ന ആക്ഷേപങ്ങളെ ഊര്‍ജമാക്കി മാറ്റാനും ശ്രമിക്കുക. ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.

facebook twitter