ചികിത്സയേക്കാള്‍, പ്രതിരോധംകൊണ്ട് തുടച്ചുനീക്കാനാവുന്ന ക്ഷയരോഗം ഇന്നും ലോകരാജ്യങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന മാരകപകര്‍ച്ചവ്യാധിയാണ്.ക്ഷയരോഗം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണങ്ങളും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മൈകോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയായ ക്ഷയരോഗം സാധാരണയായി ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.ശ്വാസകോശ ടി.ബി ഉള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേയ്ക്ക് വരുന്ന സ്രവങ്ങളിൽ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന രോഗാണുക്കളിലൂടെ അസുഖം പകരുന്നു.
മദ്യപാനം,പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം, പ്രമേഹം, പോഷകാഹാരക്കുറവ്, പ്രതിരോധശേഷി കുറക്കുന്ന മരുന്ന് കഴിക്കുന്നവര്‍, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവച്ചവര്‍, എച്ച്‌ഐവി ബാധിതര്‍ തുടങ്ങിയവരിലെല്ലാം രോഗാണു സജീവമാകാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ തുടര്‍ച്ചയായി കൃത്യമായ അളവില്‍ മരുന്ന് കഴിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖം തന്നെയാണ് ക്ഷയരോഗവും.
സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യരംഗവും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ക്ഷയരോഗത്തെ തുടച്ചുനീക്കാന്‍ സാധിക്കും. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകളെ ചികിത്സക്ക് വിധേയമാകാന്‍ പ്രോത്സാഹിപ്പിക്കേണ്ടതും ആത്മവിശ്വാസം നല്‍കേണ്ടതും സമൂഹത്തിന്റെ കൂടെ കടമയാണ്. അതെ, നമുക്ക് ടി.ബി അവസാനിപ്പിക്കാന്‍ കഴിയും, പ്രതിജ്ഞ ചെയ്യുക, നിക്ഷേപം നടത്തുക, നടപ്പില്‍ വരുത്തുക എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗദിന സന്ദേശം.