ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന 'ടോക്സിക്' എന്ന ചലച്ചിത്രത്തിനെതിരെ പരാതി. കർണാടകയിൽ ആണ് ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. ഈ സിനിമയിലെ ഉള്ളടക്കം അങ്ങേയറ്റം അശ്ലീലമാണ് എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി (AAP) വനിതാ വിഭാഗം രംഗത്തെത്തി. പാർട്ടി പ്രതിനിധികൾ കർണാടക വനിതാ കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയതായാണ് വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആം ആദ്മി പാർട്ടിയുടെ കർണാടക ഘടകത്തിലെ വനിതാ വിഭാഗം നേതാക്കളാണ് ഈ പരാതിക്ക് പിന്നിൽ. അവർ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ ഉദ്യോഗസ്ഥരെ നേരിൽ കാണുകയും ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിക്കുകയും ചെയ്തു. ചിത്രത്തിലെ ചില രംഗങ്ങൾ അമിതമായ അശ്ലീലത നിറഞ്ഞതാണെന്നാണ് എഎപി ഉന്നയിക്കുന്ന പ്രധാന ആരോപണം.ഈ സിനിമയിലെ ഉള്ളടക്കം പൊതുസമൂഹത്തിന് അനുയോജ്യമാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് വനിതാ കമ്മീഷന്റെ ഇടപെടൽ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഈ പരാതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. 'ടോക്‌സിക്കി'ന്റെ ടീസറിലെ ബോൾഡ് രംഗങ്ങൾ ചൂണ്ടിക്കാട്ടി സംവിധായിക ഗീതു മോഹൻദാസിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു.