'75 വയസ് കഴിഞ്ഞാല്‍ നേതാക്കൾ വിരമിക്കണം' ചര്‍ച്ചയായി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം

10:12 AM Jul 11, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

 നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണം എന്ന മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയിൽ ആർഎസ്എസ് വിശദീകരണം നൽകിയേക്കും. പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന് ശിവസേന നേരത്തെ ആരോപിച്ചിരുന്നു. മോദിക്ക് പ്രായപരിധിയിൽ ഇളവുണ്ടാവുമെന്ന് ആർഎസ്എസ് നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നത്.നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടത്. പുതിയ ആളുകൾ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് മോദിയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവനയെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ചത്. ഈ വർഷം സെപ്തംബർ 17ന് മോദിക്ക് 75 വയസ്സ് പൂർത്തിയാവുകയാണ്. മോദി വിരമിക്കണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത് എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. ഇതോടെ ഭാഗവതിന്‍റെ പ്രസ്താവന സംബന്ധിച്ച വിശദീകരണം ആർഎസ്എസ് നൽകിയേക്കും. പൊതുവായ പരാമർശമാണ് നടത്തിയത് എന്നായിരിക്കാം ആർഎസ്എസിന്‍റെ വിശദീകരണം.


75 വയസ്സ് എന്ന പ്രായപരിധി ബിജെപി കൊണ്ടുവന്നത് മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ്. മന്ത്രിസഭയിൽ നിന്ന് ചില മന്ത്രിമാർ പിൻവാങ്ങുകയും ചെയ്തു. എന്നാൽ 2029ലെ തെരഞ്ഞെടുപ്പ് വരെ മോദി തുടരുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മോദിക്ക് ഇളവുണ്ടെന്ന് ആർഎസ്എസ് തന്നെ പല തവണ വ്യക്തമാക്കിയതാണെന്നും ബിജെപി വൃത്തങ്ങൾ പറയുന്നത്.

More News :