+

സാങ്കേതിക പ്രശ്നം പരിഹരിച്ച് യൂട്യൂബ്

ലോകപ്രശസ്ത വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ ആഗോളതലത്തിൽ സാങ്കേതിക തടസ്സം നേരിട്ടു. ഇന്ന് രാവിലെ മുതലാണ് യൂട്യൂബ് സേവനങ്ങളിൽ വ്യാപകമായി തടസ്സം അനുഭവപ്പെട്ടത്. ഹോം പേജ്, ഷോർട്‌സ് ഫീഡുകൾ എന്നിവ ലഭ്യമാകാത്തത് കോടിക്കണക്കിന് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി.

യൂട്യൂബ് ആപ്പിലും വെബ് സൈറ്റിലും പ്രവേശിക്കുമ്പോൾ 'സംതിങ് വെന്റ് റോങ്ങ്' (Something went wrong) എന്ന സന്ദേശമാണ് ദൃശ്യമായിരുന്നത്. വീഡിയോകളുടെ നേരിട്ടുള്ള ലിങ്കുകൾ വഴി പ്രവേശിക്കാൻ ഭാഗികമായി സാധിച്ചിരുന്നെങ്കിലും പ്രധാന പേജുകളോ ഷോർട്‌സോ ലോഡ് ആകുന്നുണ്ടായിരുന്നില്ല. സാങ്കേതിക പ്രശ്നം നേരിട്ടതോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ എക്സ് (ട്വിറ്റർ), ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ പരാതികൾ പങ്കുവെച്ചു.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായും സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായും യൂട്യൂബ് അധികൃതർ അറിയിച്ചു. തടസ്സം നേരിട്ടതിൽ ഉപഭോക്താക്കളോട് കമ്പനി ഖേദം പ്രകടിപ്പിച്ചു. എന്നാൽ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

facebook twitter