ഫ്രഞ്ച് പടയ്ക്ക് ഇനി പരിശീലകനായി ഇതിഹാസ താരം സിനദിൻ സിദാൻ

04:59 PM Jul 28, 2026 | വെബ് ടീം

പാരീസ്: ഐതിഹാസിക താരം സിനദിൻ സിദാനെ ഫ്രാൻസ് ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി നിയമിച്ചു. 2030 വരെയുള്ള കരാറിലാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സിദാനുമായി ഒപ്പുവച്ചിട്ടുള്ളത്.സിദാന്‍റെ നേതൃത്വത്തിലായിരിക്കും 2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്‍റുകളിൽ ഫ്രഞ്ച് പട കളത്തിലിറങ്ങുക. മുൻ പരീശീലകനായ ദിദിയർ ദെഷാംപ്സിന് പകരക്കാരനായി സിനദിൻ സിദാൻ എത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.

കഴിഞ്ഞ 14 വർഷം ടീമിനെ വിജയത്തിലേക്ക് നയിച്ച ദിദിയർ ദെഷാംപ്സിന്‍റെ സേവനം എടുത്തു പറയേണ്ടതാണെന്നും ദെഷാംപ്സാണ് ഫ്രഞ്ച് ഫുട്ബോളിനെ ലോകത്തിന്‍റെ നെറുകയിൽ നിർത്തിയതെന്നും ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഫിലിപ്പ് ഡിയാളോ പറഞ്ഞു.

റയൽ മാഡ്രിഡ് വിട്ടതിനു പിന്നാലെ പല വമ്പൻ ക്ലബ്ബുകളിൽ നിന്നും ലഭിച്ച ഓഫറുകൾ നിരസിച്ചു കൊണ്ടാണ് സിദാൻ ഫ്രഞ്ച് ഫുട്ബോളിനു വേണ്ടി കാത്തിരുന്നത്. വളരെയധികം ആഗ്രഹിച്ചതാണിതെന്നും സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നും സിദാൻ പറഞ്ഞു.