ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 12 പേർ മരിച്ചു. ബസും ചരക്ക് കയറ്റിവന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.
അപകടത്തിൽ 20 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. ചരൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടസമയത്ത് ബസിൽ ഡ്രൈവറും ക്ലീനറും ഉൾപ്പെടെ 34 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീ പടർന്നതിനാൽ പലർക്കും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മരിച്ചവരിൽ പലരെയും തിരിച്ചറിയാൻ സാധിക്കാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. ബസിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തീവ്രദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.