+

ഇന്ത്യയ്ക്ക് ഹോര്‍മുസ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി ഇറാന്‍

പശ്ചിമേഷ്യൻ യുദ്ധം 26-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ഇറാൻ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ വാണിജ്യ കപ്പലുകളുടെ യാത്രയ്ക്ക് ഇറാൻ അനുമതി നൽകി. ഇന്ത്യയെ ഇറാൻ്റെ 'സുഹൃദ് രാഷ്ട്ര'ങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ച്ചി വ്യക്തമാക്കി.

ശത്രുരാജ്യങ്ങളായ അമേരിക്കയ്ക്കും ഇസ്രായേലിനും ഒഴികെയുള്ള സുഹൃദ് രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം അനുവദിക്കാനാണ് ഇറാൻ്റെ തീരുമാനം. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിശ്ചിത ടോൾ നൽകി കടലിടുക്ക് ഉപയോഗിക്കാവുന്നതാണ്. ഏകദേശം 2 മില്യൺ ഡോളറോളമാണ് ടോൾ തുകയായി നിശ്ചയിച്ചിരിക്കുന്നത്.


ഇറാൻ്റെ അനുമതി ലഭിച്ചെങ്കിലും, മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾക്ക് കനത്ത സുരക്ഷയൊരുക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ഇതിനായി 'ഓപ്പറേഷൻ ഊർജ്ജ സുരക്ഷ' എന്ന പേരിൽ ഇന്ത്യൻ നാവികസേന പ്രത്യേക ദൗത്യം ആരംഭിച്ചു. എൽ.പി.ജി (LPG), എൽ.എൻ.ജി (LNG), ക്രൂഡ് ഓയിൽ എന്നിവയുമായി വരുന്ന കപ്പലുകൾക്ക് നാവികസേനയുടെ അഞ്ചിലധികം യുദ്ധക്കപ്പലുകൾ അകമ്പടി സേവിക്കും. ഹോർമുസ് കടലിടുക്കിൽ നിലവിൽ ഇന്ത്യയുടെ ഇരുപതോളം വാണിജ്യ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയെ സുരക്ഷിതമായി ഇന്ത്യൻ തീരത്തെത്തിക്കുകയാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം.


അതേസമയം, അമേരിക്കയുമായി ഔദ്യോഗിക ചർച്ചകൾക്ക് താൽപ്പര്യമില്ലെന്ന് അബ്ബാസ് അരക്ച്ചി ആവർത്തിച്ചു. എന്നാൽ, ഇറാൻ നേതാക്കൾക്ക് തങ്ങളുമായി ചർച്ചകളിൽ പങ്കെടുക്കാൻ ഭയമാണെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചത്. യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഇറാൻ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ആറ്റോമിക് പരീക്ഷണങ്ങൾ നിർത്തിവെക്കണമെന്നതടക്കം 15 നിബന്ധനകളാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ഹോർമുസിലെ തങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്നതടക്കം 5 നിബന്ധനകൾ ഇറാനും മുന്നോട്ട് വെച്ചിട്ടുണ്ട്.


പശ്ചിമേഷ്യയിലെ ഊർജ്ജ വിതരണ പാത സുരക്ഷിതമാക്കാനുള്ള ഇന്ത്യയുടെ നീക്കം ആഗോള വിപണിയിലും നിർണ്ണായകമാകും. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകളെ നാവികസേനയുടെ സഹായത്തോടെ സുരക്ഷിത മേഖലകളിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.







More News :
facebook twitter