+

ഷാജൻ സ്കറിയയെ മർദിച്ച കേസ്; 4 പ്രതികൾ അറസ്റ്റിൽ

ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സക്കറിയയെ മർദ്ദിച്ച കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെടെയുള്ളവരെയാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ശനിയാഴ്ച വൈകുന്നേരം ആറരയോടെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് ഷാജൻ സക്കറിയ ആക്രമിക്കപ്പെട്ടത്. 


ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം കാറിൽ മടങ്ങുകയായിരുന്ന ഷാജന്റെ കാറിന് പിന്നാലെ എത്തിയ ജീപ്പ് മനഃപൂർവം ഇടിപ്പിക്കുകയായിരുന്നു. തുടർന്ന്, കാർ നിർത്തിയതിന് പിന്നാലെ പുറത്തെത്തിയ അഞ്ചംഗ സംഘം ഷാജന്റെ മൂക്കിലും ശരീരത്തിലും മർദ്ദിക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 


പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതികളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചത്.

facebook twitter