+

പ്രധാനമന്ത്രി മണിപ്പൂരിലേക്ക്

വംശീയ സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി സംഘർഷഭരിതമായ അവസ്ഥയിലുള്ള മണിപ്പൂരിലേക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം ഈ മാസം 13-നാണ് നടക്കുക.

പ്രധാനമന്ത്രിയെ വരവേൽക്കാൻ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നഗരത്തിലെ പ്രശസ്തമായ കാങ്‌ല ഫോർട്ടിൽ പ്രധാനമന്ത്രിക്കായി പ്രത്യേക സ്റ്റേജ് തയ്യാറാക്കിയിട്ടുണ്ട്. 15,000 പേർക്കിരിക്കാവുന്ന സദസ്സാണ് കാങ്‌ല ഫോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി നൂറിലധികം തൊഴിലാളികളെയാണ് സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങിനെത്തുന്നവർക്കായി പ്രത്യേക രജിസ്ട്രേഷനും ഏർപ്പെടുത്തിയിട്ടുണ്ട്.

2023 മെയ് മാസത്തിൽ തുടങ്ങിയ മെയ്തേയ്-കുകി സംഘർഷത്തിൽ ഇതിനോടകം 260-ൽ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വൻ കലാപം അരങ്ങേറിയിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. 2027 വരെ സർക്കാരിന് കാലാവധി ഉണ്ടായിട്ടും മുഖ്യമന്ത്രി ബീരേന്ദ്ര സിംഗ് രാജിവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം സംസ്ഥാനത്തെ സംഘർഷാവസ്ഥയ്ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

facebook twitter