തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി. തുടർന്ന് പിഴവുകൾ തിരുത്തി താരം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. പത്രികാ സമർപ്പണത്തിനുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ച പെരുമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് വിജയ് പത്രിക സമർപ്പിച്ചത്. പെരുമ്പൂർ മണ്ഡലത്തിൽ നൽകിയ പത്രികയിൽ തനിക്കെതിരെ കേസുകൾ ഇല്ലെന്ന് വിജയ് അവകാശപ്പെട്ടിരുന്നു. എന്നാൽ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച പത്രികയിൽ രണ്ട് കേസുകൾ ഉണ്ടെന്ന് രേഖപ്പെടുത്തി. പ്രായത്തിന്റെ കാര്യത്തിലും പത്രികകളിൽ വൈരുധ്യമുണ്ടായിരുന്നു. പെരുമ്പൂരിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 52 വയസ്സെന്നും തിരുച്ചിറപ്പള്ളിയിൽ 51 വയസ്സെന്നുമാണ് രേഖപ്പെടുത്തിയത്.
പെരുമ്പൂരിൽ നടത്തിയ റാലിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടതാണ് ഒരു കേസ്. കഴിഞ്ഞ വർഷം മധുരയിൽ നടന്ന പാർട്ടിയുടെ രണ്ടാം സമ്മേളനത്തിനിടെ വിജയ്‍യുടെ ബൗൺസർമാർ ആരാധകരെ ആക്രമിച്ചെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. ഈ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് താരം പുതിയ സത്യവാങ്മൂലം നൽകി തടി ഊരിയത്.