അമീബിക് മസതിഷ്‌ക ജ്വരം; 2 പേരുടെ നില അതീവ ഗുരുതരം

11:09 AM Sep 07, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം (പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് - PAM) സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരുവരും മലപ്പുറം സ്വദേശികളാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ നാല് മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം കാരണം റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഒടുവിലത്തെ മരണം ഇന്നലെയായിരുന്നു, വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ 47 വയസ്സുകാരൻ രതീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകുന്നേരം മലപ്പുറം വണ്ടൂർ സ്വദേശിനിയായ 54 വയസ്സുകാരിയെ ഗുരുതരാവസ്ഥയിൽ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്.


രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 54 വയസ്സുകാരിക്ക് എങ്ങനെയാണ് രോഗം പടർന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.