കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം കർശനമാക്കി. മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിലാണ്.
ഇടയ്ക്കിടെ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയത്. കുഞ്ഞിന് പുറമെ, 40 വയസ്സുള്ള മറ്റൊരാളും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് പറയുന്നു. മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും, മുഖവും വായും കഴുകുന്നതും രോഗം പടരാൻ കാരണമാകും.
പ്രധാന ജാഗ്രതാ നിർദേശങ്ങൾ:
കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക.
നീന്തൽകുളങ്ങളിലും വാട്ടർ തീം പാർക്കുകളിലും പോകുന്നവർ മൂക്കിൽ വെള്ളം കയറുന്നത് തടയാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
ഇവിടങ്ങളിലെ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
കിണറുകളിലെ വെള്ളം ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ക്ലോറിനേറ്റ് ചെയ്യുക.
ചെവിയിലോ മൂക്കിലോ ശസ്ത്രക്രിയ കഴിഞ്ഞവരും ചെവിയിൽ പഴുപ്പുള്ളവരും ഒരു കാരണവശാലും വെള്ളത്തിൽ മുങ്ങിക്കുളിക്കരുത്.
കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.