+

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക്ക് ആലത്തിന് ജയിലിൽ ക്രൂരമർദ്ദനം

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ജയിലിൽ സഹതടവുകാരന്റെ ക്രൂരമർദ്ദനം. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന അസ്ഫാക്കിനെ സഹതടവുകാരൻ സ്പൂൺ ഉപയോഗിച്ച് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.


ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ കൊലക്കേസ് പ്രതി റഹിലാലാണ് അസ്ഫാക്കിനെ ആക്രമിച്ചത്. ജയിലിലെ വരാന്തയിലൂടെ നടന്നുപോവുകയായിരുന്ന അസ്ഫാക്കിനെ, "നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ" എന്ന് ആക്രോശിച്ചുകൊണ്ട് റഹിലാൽ ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന സ്പൂൺ ഉപയോഗിച്ച് തലയിലും മൂക്കിലും പലതവണ കുത്തി.


ആക്രമണത്തിൽ പരിക്കേറ്റ അസ്ഫാക്കിനെ ജയിൽ അധികൃതർ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവന്നു. സംഭവത്തിൽ വിയ്യൂർ പോലീസ് റഹിലാലിനെതിരെ കേസെടുത്തിട്ടുണ്ട്.


2023 ജൂലൈ 28-നാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. ആലുവയിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ അഞ്ചു വയസ്സുള്ള മകളെയാണ് ബിഹാർ സ്വദേശി തന്നെയായ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

facebook twitter