നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും

10:52 AM Apr 10, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിതെളിയുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇതിനു പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഇതിനോടകം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈ മാസം 13-ന് പട്നയിൽ ചേരുന്ന എൻഡിഎ യോഗത്തിൽ തീരുമാനിക്കും. 16-നാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. അതോടൊപ്പം, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.


മുഖ്യമന്ത്രിയുടെ കസേര ദീർഘകാലം ഒഴിച്ചിടാൻ പാടില്ലെന്ന നിതീഷ് കുമാറിന്റെ നിർബന്ധമാണ് പെട്ടെന്നുള്ള തീരുമാനങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ജെഡിയു-ബിജെപി സഖ്യം നേടിയ വലിയ വിജയത്തിന് മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അധികാര കൈമാറ്റം ബിഹാറിൽ നടക്കുന്നത്. കേന്ദ്ര രാഷ്ട്രീയത്തിലേക്ക് നിതീഷ് കുമാർ ചുവടുമാറുന്നതോടെ ബിഹാറിലെ ഭരണനേതൃത്വം ബിജെപിയിലേക്ക് മാറാനാണ് സാധ്യത.