കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ കടുത്ത നടപടിയുമായി കേന്ദ്രം; കരാർ കമ്പനിയെ ഡീബാർ ചെയ്തു

04:00 PM May 22, 2025 | വെബ് ടീം

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ നടപടിയുമായി കേന്ദ്രം. നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും.തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്.

ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജര്‍ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ്കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.