ബിജെപിയുടെ സപ്ലൈ ഏജൻസിയായി കോൺഗ്രസ് മാറി'; രാഹുൽ ഗാന്ധിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി

12:52 PM Apr 07, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സിപിഐഎം-ബിജെപി ഡീൽ ആരോപണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് സ്വീകരിക്കുന്ന ഓരോ നിലപാടും ഫലത്തിൽ ബിജെപിയെ സഹായിക്കുന്നതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഓർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നത് ആരെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും പങ്കെടുത്ത പ്രതിഷേധത്തിലേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചിരുന്നു. ദേശീയ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ കടുപിടുത്തം കാരണം അവർ വിട്ടുനിന്നു. ബിജെപിക്കെതിരായ ഒരു പൊതുമുന്നേറ്റത്തെ തകർക്കുന്ന ഇത്തരം നിലപാടുകൾ ബിജെപിയെ സഹായിക്കാനല്ലേ എന്ന് അദ്ദേഹം ചോദിച്ചു.


കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും എഐസിസി ഭാരവാഹികളും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ 30 ശതമാനത്തോളം പേർ ഇപ്പോൾ ബിജെപി പാളയത്തിലാണ്. ബിജെപിയിലേക്ക് ആളുകളെ എത്തിക്കുന്ന ഒരു സപ്ലൈ ഏജൻസിയായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി വിജയൻ പരിഹസിച്ചു.


സിപിഐഎമ്മും താനും ബിജെപിക്കെതിരായ നിലപാടുകൾ എക്കാലവും കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര നയങ്ങൾക്കെതിരെയും നിയമസഭയിൽ പ്രമേയങ്ങൾ പാസാക്കിയും നേരിട്ട് കത്തയച്ചും ആവശ്യമായ കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഏത് ഘട്ടത്തിലും ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയത് ഇടതുപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.