'വർഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിഞ്ഞ് അകറ്റിനിറുത്താം; ‘സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തി പിടിച്ച് ഓണം ആഘോഷിക്കാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

05:50 PM Sep 04, 2025 | വെബ് ടീം

തിരുവനന്തപുരം: ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസ.വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികൾ ഒത്തുചേരുന്ന ആഘോഷമാണ് ഓണം. വിശാലമായ മനുഷ്യസ്‌നേഹം നെഞ്ചോടു ചേർത്തും പരസ്പരംസ്‌നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു.

അതേസമയം, ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിർത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓണാശംസയിൽ കൂട്ടിച്ചേർത്തു. കേരളമെന്നാൽ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകസ്ഥാനമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ട് ഈ ആഘോഷവേളയിൽ നമുക്കൊരുമിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ – മുഖ്യമന്ത്രി കുറിച്ചു.


More News :