+

വിഴിഞ്ഞത്തെത്തി തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.തുറമുഖവകുപ്പ് മന്ത്രി വി എൻ  വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രിയാണ് മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നത്. ഇതിനു മുന്നോടിയായാണ് സന്ദര്‍ശനം. മുഖ്യമന്ത്രി കുടുംബ സമേതമാണ് വിഴിഞ്ഞത്തെത്തിയത്.

തുറമുഖ ഉദ്ഘാടനത്തിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യ രക്ഷാധികാരിയാക്കി സംഘാടക സമിതി നേരത്തെ രൂപീകരിച്ചിരുന്നു. തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ സ്വാഗത സംഘം ചെയര്‍മാനും മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. ജില്ലയിലെ എംഎല്‍എമാരും എം.പിമാരും ഉള്‍പ്പെടെ 77 അംഗങ്ങള്‍ അടങ്ങിയതാണ് സ്വാഗത സംഘം. കൂടാതെ 6 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നതിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിയുന്നതോടെ കേരളം ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചേരുകയാണ്. 



facebook twitter