കഴിഞ്ഞ ആഴ്ച വീണ വിജയനെ ഇ.ഡി കൊച്ചി ഓഫീസിൽ വെച്ച് ഏകദേശം എട്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ വീണ നൽകിയ മൊഴികളിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളും പൊരുത്തക്കേടുകളും ഉണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞില്ലെന്നും മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ.ഡി വിലയിരുത്തുന്നു. തുടർന്ന് സിഎംആർഎൽ എംഡി ശശിധരൻ കർത്താ, അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ശേഖരിച്ച മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് വീണയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ചെയ്യാത്ത സേവനങ്ങൾക്ക് സിഎംആർഎൽ കമ്പനിയിൽ നിന്നും വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് 2.78 കോടി രൂപ കൈപ്പറ്റി എന്നാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് എസ്.എഫ്.ഐ.ഒ (SFIO) കണ്ടെത്തിയ 134 രേഖകളിൽ 70-ലധികം രേഖകൾ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ളതാണ്.
കഴിഞ്ഞ മെയ് മാസത്തിൽ വീണ വിജയന്റെ തിരുവനന്തപുരത്തെ വസതിയിലും ഓഫീസിലും ഇ.ഡി പരിശോധന നടത്തുകയും എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഫോണിലെ ഡിജിറ്റൽ തെളിവുകളുടെയും ബാങ്ക് ലോക്കർ പരിശോധിച്ചതിൽ നിന്നും ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തിലുള്ള വിശദമായ ചോദ്യം ചെയ്യലായിരിക്കും 29-ന് നടക്കുക എന്നാണ് സൂചന.