'മർദിച്ച് ബോധരഹിതനാക്കി'; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും പരാതി

12:11 PM Sep 09, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പൊലീസിനു പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും പരാതി. മലപ്പുറം നിലമ്പൂരില്‍ അഞ്ച് വര്‍ഷം മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് നിലമ്പൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ബൈജു ആന്‍ഡ്രൂസ്. മാന്‍വേട്ടയുമായി ബന്ധപ്പെട്ട് ഒരു കൃഷിക്കാരനെ വനപാലകര്‍ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ പോയപ്പോഴാണ് സംഭവം. ജീപ്പില്‍ ബലമായി കയറ്റി കൊണ്ടുപോയി സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ച് ബോധരഹിതനാക്കിയെന്നും ബൈജു പറഞ്ഞു. കോവിഡ് കാലമായതിനാല്‍ മജിസ്ട്രേറ്റിന് ഓണ്‍ലൈനിലൂടെ മൊഴി നല്‍കിയപ്പോള്‍ ഭയം കാരണം മര്‍ദ്ദനമേറ്റ കാര്യം പറഞ്ഞില്ലെന്നും, തുറന്നുപറഞ്ഞാല്‍ കൂടുതല്‍ മര്‍ദ്ദനം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ബൈജു കേരളവിഷന്‍ ന്യൂസിനോട് പറഞ്ഞു. നീതി തേടി മുഖ്യമന്ത്രി, വനം മന്ത്രി, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൈജു വ്യക്തമാക്കി.