കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പ്രധാനമന്ത്രിക്കെതിരായ പരിഹാസ പോസ്റ്റര്‍

01:15 PM Apr 30, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസിന്റെ പ്രതിരോധത്തിലാക്കി പ്രധാനമന്ത്രിക്കെതിരായ പരിഹാസ പോസ്റ്റര്‍. സഖ്യകക്ഷി നേതാക്കളടക്കം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അമേഠിയിലും രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.


പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് കാണ്മാനില്ല എന്ന അടിക്കുറിപ്പോടെയാണ് മോദിയുടെ തലയില്ലാത്ത ചിത്രം സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസ് പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികള്‍ രംഗത്തെത്തിയത്. 

More News :

നരേന്ദ്ര മോദി എവിടെയും പോയിട്ടില്ല, ഡല്‍ഹിയില്‍ തന്നെയുണ്ടെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. മതിയായ ഇടപെടലുകള്‍ മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമര്‍ശനം ഈ ഘട്ടത്തില്‍ അംഗീകരിക്കാവുന്നതല്ലെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പക്ഷം. വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇതെന്നും രാജ്യം ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്നും ബിഎസ്പി നേതാവ് മായാവതി ഓര്‍മ്മിപ്പിച്ചു.

 രാഹുല്‍ ഗാന്ധിക്കെതിരെയും അമേഠിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കോണ്‍ഗ്രസ് ഇന്നലെ പിന്‍വലിച്ചിരുന്നു. പ്രതികരണങ്ങളില്‍ നേതാക്കള്‍ക്ക് , കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത താക്കീതും നല്‍കി. സമൂഹ മാധ്യമ അക്കൌണ്ടുകളുടെ ചുമതലയുള്ള വക്താവ് സുപ്രിയ ശ്രീ നെയ്റ്റ് ആണ് എക്‌സ് പേജില്‍ മോദിക്കെതിരെ പരിഹാസ പോസ്റ്റ് ഇട്ടത്.