തൃശൂർ: ചാലക്കുടി താലൂക്ക് ഓഫിസില്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍മാർ തമ്മില്‍ കൈയാങ്കളി. തഹസീല്‍ദാരുടെ മുന്‍പില്‍ വെച്ചാണ് ഇരുവരും തമ്മിൽ തല്ലിയത്. മര്‍ദനത്തില്‍ പരുക്കേറ്റ ഡപ്യൂട്ടി തഹസീല്‍ദാര്‍ സി.വി. സുരേഷ് കുമാറിനെ ചാലക്കുടി താലൂക്കാശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി.തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. ഞായറാഴ്ച ചാലക്കുടി റെസ്റ്റ് ഹൗസിലുണ്ടായിരുന്ന മഹാരാഷ്ട്ര ഗവർണര്‍ സി.പി. രാധാകൃഷ്ണനെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഭക്ഷണം കൊണ്ടു വന്ന പാത്രങ്ങള്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നാണ് വിവരം. തഹസീല്‍ദാര്‍ പി.കെ. ജേക്കബിനെ മറ്റൊരു ഡപ്യൂട്ടി തഹസീല്‍ദാര്‍ രഞ്ജിത് പരസ്യമായി തെറിവിളിച്ചു. പിടിച്ച് തള്ളുകയും കണ്ടു കൊണ്ട് ഓഫീസിലേക്ക് വന്ന ഡപ്യൂട്ടി തഹസീല്‍ദാര്‍ സുരേഷ് കുമാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും രഞ്ജിതിനെ പിടിച്ച് മാറ്റുവാന്‍ ശ്രമിക്കുന്നതിനിടയില്‍ സുരേഷ് കുമാറിന്‍റെ കഴുത്തിലും മറ്റും ശക്തമായി രഞ്ജിത് മര്‍ദിക്കുകയായിരുന്നു.ഇടിയെ തുടര്‍ന്ന് തല കറങ്ങി വീണ സുരേഷ് കുമാറിനെ തഹസീല്‍ദാരടക്കമുള്ള സഹപ്രവര്‍ത്തകര്‍ രഞ്ജിത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷ് കുമാറിന് കഴുത്തിലേറ്റ മര്‍ദനത്തെ തുടര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സ്‌കാനിങ്ങും മറ്റും നടത്തിയ ശേഷമാണ് വിദഗ്ദചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്.സംഭവത്തില്‍ പ്രതിഷേധിച്ച് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി.സുരേഷ് കുമാറിനെ മർദിച്ച രഞ്ജിത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.