തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് സ്വരാജ് റൗണ്ടില്‍ സാമ്പിള്‍ വെടിക്കെട്ട് വര്ണവിസ്മയമൊരുക്കി. തിരുവമ്പാടി വിഭാഗം തുടങ്ങിവെച്ച വെടിക്കെട്ട് പാറമേക്കാവ് വിഭാഗം പുതുമകളോടെ കൂടുതല്‍ വര്‍ണാഭമാക്കി. മുന്‍ വര്ഷങ്ങളിലേക്കാള് ജനകീയമായിരുന്നു ഇത്തവണത്തെ സാമ്പിള്‍ വെടിക്കെട്ട്. മികച്ച ദൃശ്യ ശ്രവ്യ അനുഭവം തീര്‍ത്ത സാമ്പിള്‍ വെടിക്കെട്ടിനു ആദ്യം തിരിതെളിച്ചത് തിരുവമ്പാടി വിഭാഗമാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് പിന്തുണയര്‍പ്പിച്ച് സര്‍ജിക്കല്‍ സ്ട്രൈക്കും മാജിക് ക്രിസ്റ്റലും ഡ്രാഗണ്‍ ഫ്ളൈറ്റുമായിരുന്നു ഇത്തവണത്തെ സാമ്പിളില്‍ തിരുവമ്പാടിയുടെ മാസ്റ്റര്‍ പീസ്. ഒരു അമിട്ടില്‍ നിന്ന് ഒന്നിനും പുറകെ മറ്റൊന്നായി ആറ് മാജിക് ക്രിസ്റ്റലുകളാണ് മറ്റൊരു പ്രത്യേകത. ലഹരിക്കെതിരായ സന്ദേശവും വെടിക്കെട്ടിലൂടെ തിരുവമ്പാടി വിഭാഗം ഉയര്‍ത്തി.
പൂരത്തിന്റെ മാസ്റ്റര്‍ പീസായ കുടമാറ്റത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 15 കുടകളും വിണ്ണില്‍ വിടരുന്നതായിരുന്നു പാറമേക്കാവിന്റെ സ്പെഷല്‍. ആകാശത്ത് നിന്നും പൊട്ടിവിരിഞ്ഞിറങ്ങിയ സില്‍വര്‍ ഫിഷായിരുന്നു പാറമേക്കാവിന്റെ മറ്റൊരു ഇനം. പെസോയുടെ ചട്ടഭേദഗതിപ്രകാരം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ സാമ്പിള്‍ വെടിക്കെട്ട്.