ധർമ്മസ്ഥല കേസിൽ വീണ്ടും വഴിത്തിരിവ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) കഴിഞ്ഞ ദിവസം ബംഗ്ലാ കുന്നിൽ നടത്തിയ പരിശോധനയിൽ ഒന്നിലധികം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടിയുടെ ഭാഗങ്ങൾ ഉൾപ്പെടെയുള്ളവ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് യൂട്യൂബർ മനാഫിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. മനാഫിന് വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്നും, കേസിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ, യൂട്യൂബർമാരായ അഭിഷേക്, മഹർഷി ടിമ്റോഡി എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ഇവരെ എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും എസ്ഐടി ശ്രമം നടത്തുന്നുണ്ട്.
സൗജന്യയുടെ മരണവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലും എസ്ഐടി അന്വേഷണം തുടരുകയാണ്. കേസ് ഏറ്റെടുത്ത് 53 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ബംഗ്ലാ കുന്നിൽ നിന്ന് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് എന്നത് നിർണായകമാണ്.