+

വാട്സാപ്പിലൂടെ ബന്ധപ്പെടും; അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ ആശുപത്രി സി.ഇ.ഒ പിടിയിൽ

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കൈയ്ൻ വാങ്ങുന്നതിനിടെ ആശുപത്രി സി.ഇ.ഒ പിടിയിൽ. ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ ഉടമ നമ്രത ചിഗുരുപതിയാണ് പിടിയിലായത്. മുംബൈയിൽ നിന്നുള്ള വാനഷ് ധാക്കറിൽ നിന്നും കൊക്കെയ്ൻ വാങ്ങുന്നതിനിടെയാണ് ഇവർ പൊലീസിന്റെ പിടിയിലായത്.ധാക്കറിനൊപ്പം ഇയാളുടെ കൂട്ടാളി ബാലകൃഷ്ണയും പൊലീസ് പിടിയിലായിട്ടുണ്ട്.

ധാക്കറിനെ വാട്സാപ്പിലൂടെയാണ് നമ്രത ബന്ധപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കൊക്കെയ്ൻ വാങ്ങാനായി ഓൺലൈനിലൂടെ ഇവർ അഞ്ച് ലക്ഷം രൂപ കൈമാറിയെന്നും പൊലീസ് അറിയിച്ചു. ഇവരെ പിന്തുടർന്ന് പിടികൂടിയ പൊലീസ് പ്രതികളിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു. രണ്ട് സെൽഫോണും കണ്ടെടുത്തിട്ടുണ്ട്.

പ്രതികൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് വാങ്ങാനായി ചുരുങ്ങിയ കാലയളവിനുള്ളിൽ 70 ലക്ഷം രൂപ പ്രതി ചെലവഴിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.സ്​പെയിനിലെ എം.ബി.എ പഠനത്തിനിടെയാണ് ലഹരിക്ക് അടിമയായതെന്ന് നമ്രത സമ്മതിച്ചിട്ടുണ്ട്. കൊച്ചി അമൃത യൂനിവേഴ്സിറ്റിയിൽ നിന്ന് റേഡിയേഷൻ ഓങ്കോളജിയിൽ എം.ഡിയെടുത്തിന് ശേഷമാണ് അവർ സ്​പെയിനിലേക്ക് പോയത്. തുടർന്ന് വാരാന്ത്യങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം കൊക്കെയ്ൻ ഉപയോഗിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷവും ഇവർ ഉപയോഗം തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


facebook twitter